Saturday 19 October 2013

ചിരവപുരാണം





തേങ്ങ ചിരവുന്നതിനുള്ള ഉപകരണമാണല്ലോ ചിരവ..... അതില്‍ക്കൂടുതലോന്നും ചിരവയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. ചിരവയിലെന്തിരിക്കുന്നു എന്നൊരു ചിന്ത. പക്ഷേ അതിനും ഒരു ചരിത്രമുണ്ട് എന്ന് മനസ്സിലായത്‌ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊലാലംപൂരിലുള്ള ഒരു മ്യൂസിയത്തില്‍ പോയപ്പോഴാണ്. പാരമ്പര്യമായി ഉപയോഗിച്ച് വന്നിരുന്ന ചിരവകളുടെ ഒരു ശേഖരം തന്നെ അവിടെയുണ്ട്. കൂട്ടത്തില്‍ അവയുടെ വിശദീകരണങ്ങളും.


ചിരവ എന്നു പറയുമ്പോള്‍ പുതുതലമുറയുടെ മനസ്സില്‍വരുന്നത് ഒരു തടിക്കഷണവും അതില്‍ പിടിപ്പിച്ചിട്ടുള്ള നാക്കും” (തേങ്ങ ചിരവുന്നതിനുള്ള ഭാഗം) ഉള്ള ഒരു ഉപകരണം, ഇരുമ്പ് തകിട് ആകൃതിയില്‍ ആക്കി അതില്‍ നാല്കാലും ചിരവനാക്കും ഘടിപ്പിച്ച്, ഇരണ്ടപ്പക്ഷി തല ഉയര്‍ത്തി നില്‍ക്കുന്നത് പോലെയുള്ള ഒരു സാധനം  അതുമല്ലെങ്കില്‍ കടകളിലും വിവാഹ ആഡിറ്റോറിയങ്ങളിലും മറ്റും കാണുന്ന തരത്തിലുള്ളത്; ഒരു ബഞ്ചിന്‍റെ നടുക്കായി ഉരുണ്ട കമ്പിയില്‍ ഘടിപ്പിച്ച വശങ്ങളിലേക്ക് നാക്കുകളുള്ള ഉപകരണം അരി അരക്കുന്ന യന്ത്രത്തിനോപ്പം പിടിപ്പിച്ചിരിക്കുന്ന വശങ്ങളിലേക്ക് നാക്കുകളുള്ള ഉപകരണം. ഇതൊക്കെയാണ് ഇന്നത്തെ സാധാരണ ചിരവക്കാഴ്ചകള്‍.


1540-ല്‍ ഫ്രാങ്കോയിസ് ബൂളിയര്‍ ആണ് ചിരവ കണ്ടുപിടിച്ചത് എന്ന് പറയുന്നു.ഇന്‍ഡോനേഷ്യ, ജാവ (ജമൈക്ക),സിംഗപൂര്‍ , മലേഷ്യ എന്നീ രാജ്യങ്ങളില്‍   മുന്‍കാലത്ത് ഉപയോഗിച്ചിരുന്ന ചിരവകള്‍ നമ്മുടെ നാട്ടില്‍ കാണുന്നവയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. പക്ഷിമൃഗാദികളുടെ രൂപത്തിലും
വളരെ മനോഹരമായ കൊത്തുപണികളിലും ഉള്ളവയാണ് ഇവിടെ സാധാരണയായി  ഉപയോഗിച്ചിരുന്ന ചിരവകള്‍.


തേങ്ങയും തേങ്ങപ്പാലും ചേര്‍ത്തുള്ള പാരമ്പര്യ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള തേങ്ങ ചിരവുന്നതിനു വേണ്ടിയാണ് മലേഷ്യ, സിംഗപൂര്‍, ഇന്‍ഡോനേഷ്യ,ജാവ തുടങ്ങിയ സ്ഥലങ്ങളില്‍ ചിരവയുടെ ഉപയോഗം തുടങ്ങിയത്.


ഇന്തോനേഷ്യ,ജാവ തുടങ്ങിയ സ്ഥലങ്ങളില്‍ അമ്മയും കുട്ടിയും തമ്മിലുള്ള ഗാഡമായ സ്നേഹത്തിന്റെ പ്രതീകമായി ചിരവയെ കണക്കാക്കുന്നു. എങ്ങിനെയെന്നാല്‍; അമ്മ തേങ്ങ ചിരവുംപോള്‍ കുട്ടി ചിരവയുടെ പിന്‍ഭാഗത്ത് അമ്മയെ കെട്ടിപ്പിടിച്ചുകൊണ്ട്  മുന്നോട്ടു നോക്കിയിരിക്കും.ജോലി ചെയ്യുമ്പോഴും തന്‍റെ കുഞ്ഞിനെ പിരിയാന്‍ അമ്മക്ക് സാധിക്കുന്നില്ല എന്ന് അനുമാനിക്കാം



ചിരവയില്‍ തന്നെ ആണും പെണ്ണും ഉണ്ടെന്നു രേഖകള്‍ പറയുന്നു. അതിന്‍റെ വിശദീകരങ്ങളും കൊടുത്തിട്ടുണ്ട്‌. ആണ്‍ചിരവയുടെ ശരീരഘടന പൊതുവേ ചെറുതായിരിക്കും. നീളം കുറഞ്ഞ കഴുത്തും, പൊക്കംകുറഞ്ഞ കാലുകളും ഇവയുടെ പ്രത്യേകതകളാണ്. വളരെ രസകരമായ ഒരു പ്രത്യേകത എന്നുപറയുന്നത് ഇതിന്‍റെ അടിഭാഗത്തായി പുരുഷ ലൈംഗീകാവയവത്തോട് സാമ്യമുള്ള ഒരു മുഴപ്പ് കൊത്തിവച്ചിരിക്കുന്നതായിക്കാണാം. സ്ത്രീകളാണ് ആണ്‍ചിരവകള്‍ ഉപയോഗിക്കുന്നത്.
ചിരവയ്ക്ക് ഇരുവശത്തുമായി, കണങ്കാല്‍ മടക്കി തുടകള്‍ക്കടിയില്‍ വച്ചാണ് സ്ത്രീകള്‍ തേങ്ങ ചുരണ്ടാന്‍ ഇരിക്കുന്നത്.


പെണ്‍ചിരവകള്‍ പൊതുവേ വലിയ ശരീരഘടനയോട് കൂടിയവ ആയിരിക്കും. നീളംകൂടിയ കഴുത്ത്, വലിയ ശരീരം, നീളം കൂടിയ കാലുകള്‍ ഇവ പെണ്‍ചിരവയുടെ പ്രത്യേകതകള്‍ ആയിരിക്കും.
കുതിരപ്പുറത്ത്‌ ഇരിക്കുന്നതുപോലെ ഇരുന്നാണ് തേങ്ങ ചിരവുന്നത്. പുരുഷന്മാരാണ് സാധാരണ പെണ്‍ചിരവ ഉപയോഗിക്കുന്നത്.



ചിരവയുമായി ബന്ധപ്പെട്ട ഒരു കടംകഥ പ്രചാരത്തിലുണ്ട് “കുതിരപ്പുറത്തിരുന്നു പൂക്കള്‍ വിതറുക” (MOUNT A HORSE SCATTER FLOWERS) എന്നതാണ് അത്...


ചിരവയുടെ ചരിത്രവും അവയുടെ യഥാര്‍ത്ഥ രൂപവും അന്യമായിക്കൊണ്ടിരിക്കുന്ന ഈകാലത്ത്, മ്യൂസിയത്തിലെ അപൂര്‍വ ചിരവ ശേഖരവും അതിനെക്കുറിച്ചുള്ള വിശദീകരണങ്ങളും വിലമതിക്കാനാവാത്തത് തന്നെ.




ഫീലിംഗ്സ്: കൌതുകം 





No comments: